കറിയിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ആക്രമിച്ചു; പ്രതികൾ പിടിയിൽ
Monday, March 17, 2025 3:55 PM IST
ചാരുംമൂട്: കറിയിൽ ഗ്രേവി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടലിൽ ആക്രമണം നടത്തി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനത്തിൽ അനൂപ് (28), വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനത്തിൽ വിഷ്ണു (24), വള്ളികുന്നം കടുവിനാൽ വരമ്പതാനത്ത് ഷിജിൻ (21) എന്നിവരാണ് പിടിയിലായത്.
താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ വ്യാഴാഴ്ച വൈകിട്ട് ആണ് പ്രതികൾ ആക്രമണം നടത്തിയത്. കടയിൽനിന്ന് പാഴ്സൽ വാങ്ങി മടങ്ങിയ പ്രതികൾ കുറച്ചു സമയം കഴിഞ്ഞ് തിരിച്ച് എത്തുകയായിരുന്നു.
തുടർന്ന് കറിയിൽ ഗ്രേവി കുറവായിരുന്നു എന്ന് ആരോപിച്ച് ഇവർ കടയുടമയെ അടക്കം മർദിക്കുകയായിരുന്നു. കൊലപാതകശ്രമം, വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.