ചരിത്രവിലയിൽനിന്ന് ഇറക്കം തുടർന്ന് സ്വർണം; 65,500 രൂപയ്ക്ക് മുകളിൽത്തന്നെ
Monday, March 17, 2025 12:24 PM IST
കൊച്ചി: സംസ്ഥാനത്ത് ചരിത്ര വിലയിൽനിന്നു താഴേക്കിറങ്ങുന്നത് തുടർന്ന് സ്വർണം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,210 രൂപയിലും പവന് 65,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 6,760 രൂപയിലെത്തി.
വെള്ളിയാഴ്ച സ്വർണവില 65,000 രൂപയെന്ന പുതിയ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്ന് 65,840 രൂപ എന്ന ചരിത്ര വിലയിലെത്തി. പിന്നാലെ ശനിയാഴ്ച പവന് 80 രൂപ കുറയുകയാണുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ഇന്നു വീണ്ടും 80 രൂപ കുറഞ്ഞത്.
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. കഴിഞ്ഞവാരം ചരിത്രത്തിൽ ആദ്യമായി ഔൺസിന് 3,000 ഡോളർ ഭേദിച്ച രാജ്യാന്തരവില, ലാഭമെടുപ്പിനെ തുടർന്ന് 2,982 ഡോളർ വരെ താഴ്ന്നു.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.