ലോക്സഭാ മണ്ഡല പുനർനിർണയം; സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ പിണറായി വിജയൻ പങ്കെടുക്കും
Sunday, March 16, 2025 6:27 PM IST
കൊച്ചി: ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.
ഈ മാസം 22ന് ചെന്നൈയിൽ ആണ് പ്രതിഷേധ യോഗം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ലോക്സഭാ മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ഉയർത്തിക്കാട്ടി കേന്ദ്രത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. ഇതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഏഴ് മുഖ്യമന്ത്രിമാരെ സഹകരിപ്പിച്ചുള്ള സംയുക്തപ്രക്ഷോഭത്തിനാണ് സ്റ്റാലിന്റെ ശ്രമം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് എന്നിവർക്കൊപ്പം ബിജെപി ഭരിക്കുന്ന ഒഡീഷയിലെ മുഖ്യമന്ത്രി മോഹന്‍ മാജിക്കും ഇതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ കത്തയച്ചു.