ബലൂച്ചിസ്ഥാനിൽ സൈനിക വാഹനങ്ങൾക്കുനേരെ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
Sunday, March 16, 2025 5:25 PM IST
ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
എട്ട് ബസുകളിലായാണ് സൈനികര്‍ യാത്രചെയ്തിരുന്നത്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് സൈനികർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. എന്നാല്‍ 90 പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ആക്രമണം നടത്തിയ ബിഎല്‍എ അവകാശപ്പെട്ടത്.
ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് റിപ്പോർട്ട്.