ബംഗളൂരിൽ 75 കോടിയുടെ എംഡിഎംഎയുമായി വിദേശവനിതകൾ പിടിയിൽ
Sunday, March 16, 2025 12:32 PM IST
ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.
കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.