ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു
Sunday, March 16, 2025 11:23 AM IST
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു.
പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നിവരാണ് പുതിയ ദൗത്യസംഘത്തിലുള്ളത്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. ബുധനാഴ്ച സുനിതയ്ക്കും വിൽമറിനും ഒപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങും.
സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ബോയിംഗ് കന്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. എട്ടു ദിവസത്തെ ദൗദ്യമാണ് പദ്ധതിയിലുണ്ടായിരുന്നത്. സ്റ്റാർലൈനർ പേടകം തകരാറിലായതോടെ സുനിതയും വിൽമറും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.