ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്; പോലീസിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
Sunday, March 16, 2025 11:01 AM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ട്. ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു.
അടുത്തിടെ വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പോലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.