കൈക്കൂലി വാങ്ങവേ പിടിയിലായ ഐഒസി ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sunday, March 16, 2025 10:27 AM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ പിടിയിലായ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അലക്സ് മാത്യൂവിനെ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജരായ അലക്സ് മാത്യുവിനെ സംസ്ഥാന വിജിലൻസ് പിടികൂടിയത്.
കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവങ്കോണം പണ്ഡിറ്റ് കോളനിയിൽ താമസക്കാരനുമായ പരാതിക്കാരൻ, ഭാര്യയുടെ പേരിൽ, കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലൈസൻസുള്ള ഗ്യാസ് ഏജൻസി നടത്തുന്നുണ്ട്. കടയ്ക്കൽ ഭാഗത്ത് പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഗ്യാസ് ഏജൻസി കൂടാതെ മറ്റ് മൂന്ന് ഏജൻസികൾകൂടി ഇന്ത്യൻ ഓയിൽ കോർപറേഷനുണ്ട്.
അലക്സ് മാത്യു രണ്ടു മാസം മുൻപ് പരാതിക്കാരനെ ഫോണിൽ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്നും ഫോണിൽ കൂടി പറയാൻ പറ്റില്ലെന്നും എറണാകുളത്തുള്ള പ്രതിയുടെ വീട്ടിൽ ചെല്ലണമെന്നും പറഞ്ഞു.
പരാതിക്കാരൻ പ്രതിയുടെ വീട്ടിൽ ചെന്ന സമയം പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഗ്യാസ് ഏജൻസിയിൽനിന്നു കസ്റ്റമേഴ്സിനെ അടുത്തുള്ള മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും പ്രതി അലക്സ് മാത്യു ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുകയായിരുന്നു.
ശനിയാഴ്ച രാത്രി പരാതിക്കാരന്റെ കുറവങ്കോണത്തുള്ള വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് പ്രതി അലക്സ് മാത്യുവിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.