എംഡിഎംഎയ്ക്ക് പകരം കർപ്പൂരം; യുവാക്കൾ തമ്മിൽ കൈയാങ്കളി
Sunday, March 16, 2025 8:36 AM IST
മലപ്പുറം: എംഡിഎംഎയ്ക്ക് പകരം കർപ്പൂരം നൽകിയെന്ന് ആരോപിച്ച് ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിവരം അറിയിച്ചതിനെ തുടർന്നു പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുൾ കരീം പറഞ്ഞു.
തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കിയെന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷം യുവാക്കളെ വിട്ടയച്ചുവെന്നും അബ്ദുൾ കരീം പറഞ്ഞു.