രാജപാത സഞ്ചാരയോഗ്യമാക്കണം; ജനമുന്നേറ്റ യാത്ര ഞായറാഴ്ച
Sunday, March 16, 2025 5:02 AM IST
കോതമംഗലം: പഴയ ആലുവ - മൂന്നാര്‍ രാജപാത സഞ്ചാരയോഗ്യമാക്കി തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് ജനമുന്നേറ്റ യാത്ര നടക്കും.
പൂയംകുട്ടിയിൽനിന്നു രാജപാതയിലൂടെ നടത്തുന്ന യാത്രയിൽ കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ പങ്കെടുക്കും. നേരത്തേ രാജപാതയിലൂടെ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കും.
രാവിലെ പത്തിന് പൂയംകുട്ടിയിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ എംഎൽഎമാർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വിവിധ മത-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, വിവിധ ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുക്കും.