വനിതാ പ്രീമിയർ ലീഗ്; കിരീടം ചൂടി മുംബൈ ഇന്ത്യൻസ്
Sunday, March 16, 2025 3:27 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് ചാമ്പ്യൻമാർ. ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 150 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍ 66) ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ നതാലി സ്കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്.
40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്. ഒരു ഘട്ടത്തിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ ഏഴാം വിക്കറ്റിൽ 29 പന്തിൽ 40 റൺസ് അടിച്ചുകൂട്ടിയ മരിസെയ്ൻ കാപ്പ് – നികി പ്രസാദ് സഖ്യം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.
ഡൽഹി ക്യാപിറ്റൽസിനായി മരിസെയ്ൻ കാപ്പും ജെസ് ജൊനാസൻ, എൻ.ചരണി എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. ഹര്‍മന്‍പ്രീത് കൗറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.