ആസാമിൽ കോൺഗ്രസ് വക്താവ് അറസ്റ്റിൽ
Sunday, March 16, 2025 12:17 AM IST
ഗുവാഹത്തി: ആസാമിൽ കോൺഗ്രസ് വക്താവ് റീതം സിംഗ് അറസ്റ്റിൽ. എംഎൽഎ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരായ പീഡനക്കേസിന്റെ നിലവിലെ സ്ഥിതി ചോദ്യം ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്തിനെ തുടർന്നാണ് നടപടി.
വ്യാഴാഴ്ചയാണ് ആസാം മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ഭാബേഷ് കലിത, എംഎൽഎ മനാബ് ദേക, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവർക്കെതിരെ റീതം സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തത്.
തുടർന്ന് മനാബ് ദേകയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. മൂവരും ഉൾപ്പെട്ട 2021 ലെ പീഡനക്കേസിൽ അർഹമായ ശിക്ഷ ലഭിച്ചോ എന്നാണ് പത്ര റിപ്പോർട്ടുൾപ്പെടുത്തിയ പോസ്റ്റിലൂടെ റീതം ചോദ്യമുന്നയിച്ചത്.
റീതത്തിന്റെ ഗുവാഹത്തിലെ വീട്ടിലെത്തിയയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് പ്രതിഷേധവുമായി രംഗത്തുവന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആസാം മുഖ്യമന്ത്രി പോലീസിനെ ദുരുപയോഗിക്കുന്നതായും ഗോഗോയ് ആരോപിച്ചു.