ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് ആശുപത്രി അധികൃതർ; എടുത്തത് ആക്രിയെന്ന് കരുതി, യുവാവിനെ കസ്റ്റഡിയിലെടുത്തില്ല
Saturday, March 15, 2025 6:48 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽനിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി. ഫോർമാലിനിൽ സൂക്ഷിച്ചിരുന്നതിനാൽ ശരീര ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. ഇവ ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് ആക്രി വിൽപനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ആക്രിക്കാരനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനപൂർവം നടത്തിയ മോഷണമല്ലെന്നും പോലിസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങളാണ് കാണാതായത്. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് കാണാതായത്.
പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരൻ എടുത്തുകൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ചത്തെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് കാണാതായത്.