ഇത് രാഷ്ട്രീയ തന്തയില്ലായ്മ; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജി.സുധാകരന്
Saturday, March 15, 2025 3:19 PM IST
ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് സൈബറിടത്തിലെ വിമർശനത്തിന് പിന്നിൽ. രാഷ്ട്രീയ തന്തയില്ലായ്മയാണ് ഇവർ കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല. അത് മുഴുവൻ കള്ളപ്പേരാണ്. അവർ പാർട്ടി വിരുദ്ധരാണ്, അവന്റെയൊക്ക അമ്മായി അപ്പന്റേയും അപ്പുപ്പന്റേയും ഗ്രൂപ്പാണതെന്നും സുധാകരൻ വിമർശിച്ചു.
കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ താൻ പങ്കെടുത്തതിൽ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്.
താൻ പിണറായിക്ക് എതിരല്ല. തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവർക്ക് നാല് മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ.
താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാനും ഇല്ല. പാർട്ടി അംഗമായി ജീവിക്കും. അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ജീവശ്വാസം ആണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.