ആശാപ്രവര്‍ത്തകയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ച സംഭവം; സഹായഹസ്തവുമായി ഓര്‍ത്തഡോക്സ് സഭ
Saturday, March 15, 2025 1:49 PM IST
തിരുവനന്തപുരം: ആശാസമരത്തില്‍ പങ്കെടുക്കുന്ന പാലോട് സ്വദേശി അനിതാകുമാരിക്ക് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തില്‍ സഹായഹസ്തവുമായി ഓര്‍ത്തഡോക്സ് സഭ. ഇവരുടെ ജപ്തി കുടിശിക അടയ്ക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
അനിതാകുമാരിയെ കര കയറാന്‍ സഹായിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. വലിയ തുകയുടെ സഹായമാണ് അവര്‍ക്ക് ആവശ്യമായുള്ളത്. നിരവധി പേര് അവരെ സഹായിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. അതില്‍ ഒരു ഭാഗമാകാന്‍ ഓര്‍ത്തഡോക്സ് സഭ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുക്കുന്ന അനിതാകുമാരിയുടെ ദുരിതം വാർത്തയായതിന് പിന്നാലെയാണ് ഇടപെടൽ. ഏഴ് ദിവസത്തിനകം വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടമാകുമെന്ന് കാട്ടിയാണ് അനിതാകുമാരിക്ക് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്. 2021 ൽ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയും പലിശയും എല്ലാം ചേർത്ത് രണ്ട് ലക്ഷത്തി എൺപതിരണ്ടായിരം രൂപയാണ് അടയ്ക്കേണ്ടത്.
കേരളബാങ്കിലെ വായ്പമാത്രമല്ല, കാർഷിക വികസനബാങ്കിൽ നിന്നെടുത്ത വായ്പയും മുടങ്ങി. ഗൾഫിൽ നിർമാണ ജോലിക്ക് പോയ ഭർത്താവിന്റെ വരുമാനവും തികയുന്നില്ല. ഇവരുടെ മൂന്ന് മക്കളിൽ ഒരാൾ കാൻസർ രോഗിയാണ്. ഒരാഴ്ച കഴിഞ്ഞാൽ അനിതകുമാരിയുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്യും.