ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപോകും: മന്ത്രി റിയാസ്
Saturday, March 15, 2025 1:11 PM IST
തിരുവനന്തപുരം: ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലഹരി ഇല്ലാതാക്കണം എന്ന ഒറ്റ അജണ്ട മാത്രമേ തങ്ങൾക്ക് ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കളമശേരി പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇത്തരം വിഷയത്തില്‍ മറ്റു രാഷ്ട്രീയ താത്പര്യങ്ങള്‍ കലര്‍ത്തരുത്. ഇതില്‍ ഒരു രാഷ്ട്രീയമേയുള്ളൂവെന്നും അത് ലഹരിയെ തുരത്തുക എന്ന രാഷ്ട്രീയമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിക്കെതിരേ എല്ലാവരെയും യോജിപ്പിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലും തെറ്റായ പ്രവണതയോട് സന്ധിചെയ്ത് പോകാനാകില്ല.
എല്‍ഡിഎഫായാലും യുഡിഎഫായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരേ നിലപാട് സ്വീകരിക്കുന്നവരാണ്. ഏതെങ്കിലും പ്രത്യേക മുന്നണിക്ക് ലഹരി വ്യാപകമാകണമെന്ന് ആഗ്രഹമില്ല. യുവജന വിദ്യാര്‍ഥി സംഘടനകളെ പരിശോധിച്ചാലും ലഹരിക്കെതിരെ നല്ലനിലയില്‍ തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.