മദ്യലഹരിയിൽ മാതാവിന് ക്രൂര മർദനം; മകൻ അറസ്റ്റിൽ
Friday, March 14, 2025 6:27 PM IST
പത്തനംതിട്ട: മദ്യലഹരിയിൽ ദിവസങ്ങളോളം അമ്മയെ ക്രൂരമായി മര്‍ദിച്ച മകൻ പിടിയിൽ. പത്തനംതിട്ട തിരുവല്ല കവിയൂരിൽ ആണ് സംഭവം.
സന്തോഷ് എന്നയാൾ ആണ് അറസ്റ്റിലായത്. മാതാവ് സരോജിനി (75) യെയാണ് ഇയാൾ ക്രൂര മർദനത്തിനിരയാക്കിയത്.
ഇയാൾ മാതാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളായ ബന്ധുക്കൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
സഹോദരങ്ങളടക്കം മറ്റു വീടുകളിലാണ് താമസം. മർദനം പതിവായതോടെയാണ് അയൽവാസികൾ ദൃശ്യങ്ങൾ പകർത്തി പോലീസിന് കൈമാറിയത്.