കളമശേരി കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Friday, March 14, 2025 2:55 PM IST
കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍ മെൻസ് ഹോസ്റ്റൽ) നിന്നു കഞ്ചാവ് പിടികൂടിയ കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തൂപ്പുഴ അടവിക്കോണത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21), ആലപ്പുഴ കാർത്തികപ്പള്ളി കാട്ടുകോയിക്കൽ ആദിത്യന് (20), കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ കൊല്ലം കരുനാഗപ്പള്ളി പനംതറയിൽ ആർ. അഭിരാജ് (21) എന്നിവരെയാണ് കോളജിൽനിന്നും സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കോളജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
കൊച്ചി സിറ്റി പോലീസ് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡാന്‍സാഫ് ടീമും കളമശേരി പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്.
കഞ്ചാവ് അളന്ന് ചെറിയ പായ്ക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. പിടികൂടിയ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ അഭിരാജ്, ആദിത്യന് എന്നിവരെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. ആകാശിനെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
പോലീസിനെ കണ്ട് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട മൂന്നു പേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരിക്കുന്നത്. രണ്ടു മുറികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കേസില്‍ പോലീസ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ എഫ് ഐ ആറില്‍ ആകാശാണ് പ്രതി. 1.909 കിലോ കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ്ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ആദിത്യന്, അഭിരാജ് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തി.
ഹോളി ആഘോഷത്തിനായി വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വ്യാഴാഴ്ച രാത്രി പരിശോധനക്കെത്തിയത്. രാത്രി ഒന്‍പതോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാലിനാണ് അവസാനിച്ചത്.