പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയ സംഭവം; മെഡിക്കൽ ഷോപ്പ് പൂട്ടി
Friday, March 14, 2025 12:56 PM IST
പഴയങ്ങാടി: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മറ്റൊരു മരുന്ന നൽകിയ സംഭവത്തിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ ഷോപ്പ് പൂട്ടി.
പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോപ്പ് എന്ന സ്ഥാപനമാണ് അടച്ചിട്ടത്. മരുന്ന് മാറി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, ബിജെപി സംഘടനകൾ മെഡിക്കൽ ഷോപ്പിലേക്ക് മാർച്ചും ഉപരോധവും നടത്തിയിരുന്നു.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യവകുപ്പും ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗവും കടയിൽ പരിശോധന നടത്തി ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കട പൂട്ടിയത്.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചെറുകുന്ന് പൂങ്കാവ് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പനിയെ തുടർന്ന് ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും മറ്റൊരു മരുന്ന് നൽകിയത്.
ശക്തിയേറിയ ഈ മരുന്നിന്റെ പാർശ്വഫലം കുഞ്ഞിന്റെ കരളിന്റെ പ്രവർത്തത്തെ വരെ ബാധിച്ചിരുന്നു.