ഉത്തരവുമായി സുരേഷ് ഗോപി നേരിട്ട് വരണമെന്നു ആശാ വർക്കർമാർ
Friday, March 14, 2025 12:21 PM IST
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയെന്നും ഇനി സംസ്ഥാന സർക്കാർ അനുകൂലമായ തീരുമാനം എടുത്ത് ഉത്തരവ് പുറത്തിറക്കണമെന്നും ആശാ വർക്കർ സമരസമിതി നേതാക്കൾ വ്യക്തമാക്കി.
പ്രഖ്യാപനവും വാഗ്ദാനവും അല്ല തങ്ങൾക്ക് വേണ്ടത് തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കണം. സമരം ചെയ്യുന്ന ആശാപ്രവർത്തകരിൽ പലരും രോഗബാധിതരാണ്. പരീക്ഷക്കാലവും നോന്പ് കാലവുമാണ്.
അനുകൂലമായ തീരുമാനവും ഉത്തരവും ഇറക്കാതെയുള്ള യാതൊന്നും അംഗീകരിക്കില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത് മാത്രം പോര, അതിന്റെ ഉത്തരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് തങ്ങളുടെ സമര പന്തലിലെത്തി അറിയിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ആശ പ്രവർത്തകരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുതെന്ന് സമരസമിതി നേതാവ് എസ്. മിനി മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോക്കാമെന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചത്.
വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും വിശ്വസിച്ച് സമരം അവസാനിപ്പിക്കില്ലെന്നും നിരവധി അനുഭവങ്ങൾ ഉണ്ടെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.