വയനാട് പുനരധിവാസം; വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് ഉള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 87 പേർ
Friday, March 14, 2025 12:44 AM IST
കൽപ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് ഉള്ളവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മുൻ പട്ടികയിൽ ഇല്ലാതിരുന്ന ആറ് പേരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ 2-എ പട്ടിക. 87 പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്.
ആദ്യ പട്ടികയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആറു പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്തിമ പട്ടികയിൽ പരാതിയുള്ളവർക്ക് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ സമീപിക്കാം.
അതേസമയം വയനാട് പുനരധിവാസത്തിനായി നെടുന്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. 215 കുടുംബങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശേഷിക്കുന്നവർ എത്രയെന്ന് വിലയിരുത്തിയശേഷമാകും തുടർനടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ദുരന്തബാധിതരില്‍ പലരും 15 ലക്ഷം രൂപ നഷ്ടപരിഹാരം മതിയെന്ന നിലപാടാണ് എടുത്തത്. എന്നാൽ നഷ്ടപരിഹാര ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു.