മാസ്റ്റേഴ്സ് ലീഗ് ടി20: ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലില്‍
Thursday, March 13, 2025 11:18 PM IST
റായ്പുർ: മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയയെ 94 റൺസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യ മാസ്റ്റേഴ്സ് ഉയർത്തിയ 221 റൺസ് പിന്തുടർന്ന് ഓസ്ട്രേലിയ മാസ്റ്റേഴ്സ് 18.1 ഓവറില്‍ 126 റണ്‍സിന് ഓള് ഔട്ടായി. 39 റണ്‍സെടുത്ത ബെന്‍ കട്ടിംഗാണ് ഓസീസിന്റെ ടോപ് സ്കോറര്‍. കട്ടിംഗിന് പുറമെ 21 റണ്‍സ് വീതമെടുത്ത ബെന്‍ ഡങ്കും ഷോണ്‍ മാര്‍ഷും നഥാന്‍ റിയര്‍ഡോണും മാത്രമെ ഓസ്ട്രേലിയക്കായി രണ്ടക്കം കടന്നുള്ളു.
ഇന്ത്യ മാസ്റ്റേഴ്സിനായി ഷഹബാസ് നദീം നാല് വിക്കറ്റെടുത്തു. വിനയ് കുമാറും ഇര്ഫാന് പത്താനും രണ്ട് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് യുവരാജ് സിംഗിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തത്. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു. സ്റ്റുവര്‍ട്ട് ബിന്നി(21 പന്തില്‍ 36) യൂസഫ് പത്താനും(10 പന്തില്‍ 23), ഇര്ഫാന് പത്താനും(7 പന്തില്‍ 19) എന്നിവരും തിളങ്ങി. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി ഡോഹെര്‍ട്ടിയും ഡാന്‍ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് രണ്ടാം സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്സിന്റെ എതിരാളികള്‍.