ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി രാജൻ; പ്രതിഷേധം അവസാനിപ്പിച്ച് ദുരന്തബാധിതർ
Thursday, March 13, 2025 6:11 PM IST
വയനാട്: പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു.
റവന്യൂമന്ത്രി കെ. രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുനരധിവാസ പട്ടികയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചൂരല്‍മല ടൗൺ പുനര്‍നിര്‍മിക്കുമെന്നും രാജന് ദുരിതബാധിതർക്ക് ഉറപ്പ് നൽകി.
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രകടനമായാണ് ദുരന്തബാധിതര്‍ എത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ ഉപരോധം. റേഷന്‍കാര്‍ഡും ആധാറുമടക്കമുള്ള രേഖകള്‍ സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചായിരുന്നു സമരം.
കളക്ട്രേറ്റിലെത്തിയ മന്ത്രിയുമായി ജനശബ്ദം ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെ രണ്ട് വരെ നീണ്ട പ്രതിഷേധം അവസാനിപ്പിക്കാന്‍ ദുരന്തബാധിതര്‍ തയാറായി.