പത്താം ക്ലാസുകാരനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവം; പരീക്ഷയ്ക്കുശേഷം നടപടികൾ സ്വീകരിക്കാൻ പോലീസ്
Thursday, March 13, 2025 5:55 PM IST
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വാര്‍ഷിക പരീക്ഷയ്ക്കുശേഷം നടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ്.
കഴിഞ്ഞ മൂന്നിനാണ് തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും ആമ്പല്ലൂര്‍ സ്വദേശിയുമായ കുട്ടിയുടെ മൂക്കാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ഇടിച്ചു തകര്‍ത്തത്. കേസില്‍ തൃപ്പൂണിത്തുറ സ്വദേശികളായ അഞ്ച് വിദ്യാര്ഥികള്ക്കെതിരേ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് കേസെടുത്തിരുന്നു.
ഇതില്‍ നാലു പേര് പ്ലസ്ടു വിദ്യാര്‍ഥികളും ഒരാള്‍ പത്താം ക്ലാസുകാരനുമാണ്. കേസിലെ ഒന്നാം പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥി പതിനെട്ടുകാരനാണ്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ നടക്കുകയാണ്.
ഇതിനുശേഷമാകും മറ്റു നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് പറഞ്ഞു. അതേസമയം 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
കേസിലെ ഒന്നാം പ്രതിയായ വിദ്യാര്‍ഥി മര്‍ദനത്തിന് ഇരയായ കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്ന കാര്യം പത്താം ക്ലാസുകാരന്റെ സുഹൃത്തായ പെണ്‍കുട്ടിയെ അറിയിച്ചു.
ഒന്നാം പ്രതിയുടെ ബന്ധുവായ പത്താം ക്ലാസുകാരനോട് പരിക്കേറ്റ വിദ്യാര്‍ഥി ഇക്കാര്യം ചോദിച്ചതാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇടിയില്‍ കുട്ടിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. ഒരു പല്ല് ഒടിഞ്ഞു പോയി. രണ്ട് പല്ലുകള്‍ക്ക് ഇളക്കം സംഭവിച്ചിരുന്നു.