"സമരനേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നു’: ആശമാരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രം
Thursday, March 13, 2025 12:57 PM IST
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ മുഖപ്രസംഗം. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാരിനെതിരേ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തു വരുന്നുവെന്നും സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നുമാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുകയാണെന്നും മുഖപത്രം വിമർശിച്ചു. ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളക്കളി നിർത്തണമെന്ന തലക്കെട്ടിലാണ് വിമർശനം.
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായ ആശമാരെ തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഒന്നും രണ്ടും യുപിഎ സർക്കാരുകളും 2014 മുതലുള്ള ബിജെപി ഭരണവും ഇവരെ അവഗണിച്ചു.
ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്ന കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങുന്നില്ല. ഇവരുടെ പ്രതിനിധികളെയാണ് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് ആനയിക്കുന്നത്. കേന്ദ്ര നയം തിരുത്താൻ യോജിച്ച സമരത്തിന് തയാറാകണമെന്നും മുഖപ്രസംഗം പറയുന്നു.