കാസർഗോട്ട് സ്കൂട്ടറിന് പിന്നിൽ ട്രക്കിടിച്ച് അപകടം; യുവാവ് മരിച്ചു
Thursday, March 13, 2025 11:52 AM IST
കാസർഗോഡ്: ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാൻ പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ബേക്കൂർ കണ്ണാടി പാറയിലെ കെദങ്കാറ് ഹനീഫിന്റെ മകൻ മുഹമ്മദ് അൻവാസ് (25) ആണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ട്രക്ക് ഇടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംഗടിമുഗറിലെ ഫസൽ റഹ്മാനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ നാലോടെ കുഞ്ചത്തൂരിനടുത്ത് വച്ചാണ് അപകടം. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഇരുവരും.
രാത്രി ആശുപത്രിയിൽ തങ്ങിയശേഷം പുലർച്ചെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിന് തലപ്പാടിയിലെ ചാർജിംഗ് പോയിന്റിലേക്ക് പോകവേ ആയിരുന്നു അപകടം. ട്രക്കിടിച്ച് റോഡിൽ തെറിച്ചു വീണ ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അൻവാസിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ ട്രക്ക് മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. നഫീസയാണ് മുഹമ്മദ് അൻവാസിന്റെ മാതാവ്. സഹോദരി: അൻസിഫ