ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സ്ത്രീയും സുഹൃത്തും പിടിയിൽ
Thursday, March 13, 2025 11:43 AM IST
പാലക്കാട്: ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വീഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ ഇത് കൊടുത്തില്ലെങ്കിൽ നഗ്നഫോട്ടോയും വീഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽപെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യൻ കൊഴിഞ്ഞാമ്പാറയിലെത്തി. നിരവധി കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കൾ ചേർന്നു ജ്യോത്സ്യനെ കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു.
പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മൈമൂനക്ക് ഒപ്പം നിർത്തി നഗ്നഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. നാലര പവന്റെ മാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ വീട്ടിലുണ്ടായിരുന്നായും പോലീസ് അറിയിച്ചു.