ആറ്റുകാൽ ഭക്തിസാന്ദ്രം; പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ
Thursday, March 13, 2025 10:46 AM IST
തിരുവനന്തപുരം: ആശാവർക്കർമാർ സെക്രട്ടേറിയറ്റ് നടയിൽ സങ്കട പൊങ്കാല അർപ്പിച്ചു. കഴിഞ്ഞ 32 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന തങ്ങളുടെ വിഷമങ്ങൾ കാണാനും പരിഹാരം കാണാനും ആരോഗ്യമന്ത്രി വീണ ജോർജിന്റെ കണ്ണ് തുറക്കാനുമാണ് ആറ്റുകാൽ ദേവിക്ക് പൊങ്കാലയിടുന്നതെന്ന് ആശാപ്രവർത്തകർ ദീപികയോട് പറഞ്ഞു.
ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും വിശ്വാസ പൊങ്കാലയാണെന്നും പറഞ്ഞ ആശാ പ്രവർത്തകർ തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ നേരിൽ കാണാനും ചർച്ചയിലൂടെ സമരം അവസാനിപ്പിക്കാനും മന്ത്രിക്ക് മനസലിവ് ഉണ്ടാകാൻ ദേവി അനുഗ്രഹിക്കാനുമാണ് പൊങ്കാല അർപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
എല്ലാ വർഷവും ക്ഷേത്ര സന്നിധിയിൽ പൊങ്കാലയിട്ടിരുന്നവരാണ് തങ്ങളെന്നും ഇത്തരത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പൊങ്കാല അർപ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് മന്ത്രി ഉൾപ്പെടെയുള്ളവർ തങ്ങളോട് കാട്ടിയ അവഗണന കാരണമാണെന്നാണ് ആശപ്രവർത്തകർ വ്യക്തമാക്കുന്നത്.
പത്ത് ദിവസത്തിനകം സമരം പരിഹരിക്കുമെന്നായിരുന്നു തങ്ങളെല്ലാവരും കരുതിയത്. മഴയും വെയിലും ഏറ്റ് സമരം ചെയ്യുന്ന തങ്ങളുടെ അവസ്ഥ കാണാൻ വനിത കൂടിയായ ആരോഗ്യ മന്ത്രി തയാറാകാത്തതിൽ വിഷമമുണ്ടെന്നും ആശാപ്രവർത്തകർ വിതുന്പലോടെ പറഞ്ഞു.
അതേസമയം ആശാപ്രവർത്തകരുടെ സമരത്തിന് ഓരോ ദിവസം ചെല്ലുംതോറും ജനപിന്തുണയും പങ്കാളിത്തവും വർധിച്ചു വരികയാണ്. പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു.