വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായി ഡ്രോൺ നിരീക്ഷണം
Thursday, March 13, 2025 10:36 AM IST
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ട ഡ്രോൺ നിരീക്ഷണം നടത്തിയതിനു ശേഷമാകും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാൽപ്പാടുകൾ നോക്കി കടുവയെ പിന്തുടരാനാണ് ശ്രമം നടക്കുന്നത്.
കഴിഞ്ഞ ദിവസം കടുവയെ കണ്ട വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്കൂളിനു സമീപം വനംവകുപ്പ് ബുധനാഴ്ച കൂട് സ്ഥാപിച്ചിരുന്നു. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഇവിടെ നിരീക്ഷണം നടത്തിയിരുന്ന വനപാലകരും കടുവയെ കണ്ടിരുന്നു. ഇതേത്തുടന്നാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ മുഖ്യവനപാലകന് നിര്‍ദേശം നല്‍കിയത്. കടുവ അവശനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ പിടികൂടി ഉള് വനത്തില്‍ വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
എരുമേലി റേഞ്ച് ഓഫീസര്‍ കെ. ഹരിലാലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വനപാലകരും വെറ്റിനറി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.