വണ്ടിപ്പെരിയാറിലെ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ച് വനംവകുപ്പ്
Wednesday, March 12, 2025 11:35 AM IST
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ട വണ്ടിപ്പെരിയാര്‍ ഗ്രാമ്പി സ്കൂളിനു സമീപത്താണ് വനംവകുപ്പ് ഇന്നു പുലര്‍ച്ചെ കൂടു സ്ഥാപിച്ചത്.
ചൊവ്വാഴ്ച ഇവിടെ നിരീക്ഷണം നടത്തിയിരുന്ന വനപാലകരും കടുവയെ കണ്ടിരുന്നു. ഇതേത്തുടന്നാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ മുഖ്യവനപാലകന് നിര്‍ദ്ദേശം നല്‍കിയത്. കടുവ അവശനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ പിടികൂടി ഉള് വനത്തില്‍ വിടാനാണ് ഉത്തരവിട്ടിരിക്കുന്നത്.
എരുമേലി റേഞ്ച് ഓഫീസര്‍ കെ. ഹരിലാലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വനപാലകരും വെറ്റിനറി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രാമ്പി സ്കൂളിന് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
സ്കൂളിന് നൂറു മീറ്റര്‍ അകലെയാണ് കൂടു സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്കും ഉച്ചക്ക് പന്ത്രണ്ടിനുമാണ് ഈ പ്രദേശത്ത് തേയിലക്കാടിനോട് ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് തോട്ടം തൊഴിലാളികള്‍ കടുവയെ കണ്ടെത്തിയത്.