കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ചു
Wednesday, March 12, 2025 11:31 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. പേരാന്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റി. അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചത്.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർമാർ അനുവദിച്ചില്ല. ചികിത്സാപിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.