കൊച്ചിയിൽ രണ്ടു കുട്ടികൾക്ക് മസ്തിഷ്ക ജ്വരം; രോഗലക്ഷണവുമായി മൂന്നുപേർ
Wednesday, March 12, 2025 11:21 AM IST
കൊച്ചി: കളമശേരിയില്‍ മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു.
കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് കുട്ടികള്‍ ചികിത്സയില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളെയും നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹച്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കളമശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് മസ്തിഷ്ക ജ്വരം ഉണ്ടായത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് രോഗവിവരമറിഞ്ഞതിനെ തുടര്‍ന്ന് കളമശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.