മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍
Wednesday, March 12, 2025 3:11 AM IST
കോഴിക്കോട്: കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍. പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീമി(50) ആണ് പിടിയിലായത്.
ഫറോക്ക് പോലീസാണ് സലീമിനെ അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പോലീസ് പിടികൂടിയത്.
ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശാന്തനു, ഷിംന, യശ്വന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.