ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മുംബൈ പ്ലേ ഓഫില്‍
Tuesday, March 11, 2025 10:10 PM IST
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ മുംബൈ സിറ്റി എഫ്സി പ്ലേ ഓഫില്‍. ബംഗളൂരു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് മുംബൈ പ്ലേ ഓഫിലെത്തിയത്.
ലാലിയന്‍സ്വാല ചാംഗ്തെ, നിക്കോസ് കരേലിസ് എന്നിവരാണ് മുംബൈയ്ക്കായി ഗോൾവല ചലിപ്പിച്ചത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. മത്സരത്തിലൊന്നാകെ ആധിപത്യം നേടിയ മുംബൈ എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി.
കരേലിസിന്റെ അസിസ്റ്റിൽ ചാംഗ്തെയാണ് മുംബൈക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ 37-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ കരേലിസ് പെനാല്‍റ്റിയിലൂടെ മുംബൈക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.
ഇതോടെ ഒഡീഷ എഫ്സി പുറത്തായി. ആദ്യ ആറ് സ്ഥാനക്കാരാനാണ് പ്ലേ ഓഫിന് യോഗ്യത നേടുക. ആറാം സ്ഥാനത്താണ് മുംബൈ. നാലാമതുള്ള ബംഗളൂരു എഫ്സി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.