കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ അടച്ചു പൂട്ടും
Tuesday, March 11, 2025 6:50 PM IST
കോഴിക്കോട്: അനധികൃതമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ അടച്ചു പൂട്ടാൻ നിർദേശം. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
ജില്ലാ കളക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച ചേർന്ന യോഗം വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശിച്ചു. വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിംഗ് നടത്തണം.
ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. വിദ്യാർഥികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം.
ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പരും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.