വിവാഹ വാഗ്ദാനം നൽകി പീഡനം; ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പിടിയിൽ
Tuesday, March 11, 2025 4:13 PM IST
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്.
ആലപ്പുഴ സൗത്ത് പോലീസാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.
യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്.
ഹാഫിസ് വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്ക്കെടുത്താണ് റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച് കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. ഇതിനു മുൻപും രണ്ട് പീഡന പരാതികൾ തൃക്കണ്ണനെതിരെ ആലപ്പുഴ പോലീസിന് ലഭിച്ചിട്ടുണ്ട്.