നരബലി; നാല് വയസുകാരിയെ കഴുത്തറുത്ത് കൊന്നു
Tuesday, March 11, 2025 3:41 PM IST
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിൽ നരബലി. നാല് വയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം രക്തം കുടുംബക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു. കുട്ടിയുടെ അയൽവാസിയായ ലാലാ തദ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബോഡേലി താലൂക്കിലെ പനേജിലാണ് സംഭവം. റിഥ തദ്വി എന്ന നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 8:30 ഓടെയാണ് ആക്രമണം നടന്നത്.
റിഥ ഒന്നര വയസുള്ള അനുജനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഇവരുടെ അയൽവാസിയായ പ്രതി മഴുവുമായെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിടിവലി നടക്കുന്നകതിനിടെ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആയുധധാരിയായ പ്രതിയെ നേരിടാൻ ആരും തയാറായില്ല. തുടർന്ന് ലാൽ കുട്ടിയെ വീടിനകത്തേക്ക് കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ രക്തം വീടിനുള്ളിൽ തന്നെയുള്ള ചെറിയ ക്ഷേത്രത്തിന്റെ പടിക്കെട്ടിൽ തളിച്ചു.
റിഥയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നരബലി നടന്നതായാണ് പ്രാഥമിക നിഗമനമെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു.