പാതിവില തട്ടിപ്പ്: ആനന്ദകുമാർ കസ്റ്റഡിയിൽ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
Tuesday, March 11, 2025 3:08 PM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി.
ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഇയാൾ ഒരു മാസത്തോളമായി ഒളിവിലായിരുന്നു.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന് നല്കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.