വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടും; പരാതികൾ തീർക്കും: മന്ത്രി കെ. രാജൻ
Tuesday, March 11, 2025 12:25 PM IST
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരേ ടി. സിദ്ധിഖ് എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്യും. പരാതികളെല്ലാം തീർക്കും. വയനാട്ടിൽ കേരള മോഡൽ ഉണ്ടാക്കും. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സഭയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനമാണ് മന്ത്രി രാജൻ ഉന്നയിച്ചത്. കേന്ദ്ര സർക്കാർ മാലാഖയായല്ല, ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമർശിച്ചു.
ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്? കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ട് പോകുമെന്നും മന്ത്രി രാജൻ കൂട്ടിച്ചേർത്തു.