പരസ്യമായി പ്രതികരിച്ചത് ശരിയായില്ല; അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് എ.പദ്മകുമാര്‍
Tuesday, March 11, 2025 11:11 AM IST
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള പരസ്യപ്രതികരണത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തി എ.പദ്മകുമാര്‍. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണ്. താൻ പാർട്ടിക്ക് പൂർണമായും വിധേയനാണ്.
പറയേണ്ടകാര്യം തന്നെയാണ് പറഞ്ഞത്. എന്നാല്‍ പറഞ്ഞ സ്ഥലം മാറിപ്പോയി. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടി ആണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. ബുധനാഴ്ച ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും.
ബിജെപി നേതാക്കള്‍ തന്റെ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ കിട്ടാനാണ്. ചിലര്‍ തന്നെ രാഷ്ട്രീയഭിക്ഷാംദേഹിയായാണ് കണ്ടത്. ബിജെപിക്കാര്‍ തന്നെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.