റിക്കാർഡിനരികെ വീണ്ടും കാലിടറി സ്വർണം; 64,000 രൂപയ്ക്ക് മുകളിൽതന്നെ
Tuesday, March 11, 2025 11:07 AM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില താഴേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 8,020 രൂപയിലും പവന് 64,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,600 രൂപയിലെത്തി.
സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ശനിയാഴ്ച സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപയും വർധിച്ച ശേഷമാണ് ഇന്നു താഴേക്കു പോയത്.
ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഈ റിക്കാർഡിലേക്ക് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും അകലം മാത്രമുള്ളപ്പോഴാണ് വില കുറഞ്ഞത്.
ചരിത്രവിലയിൽ നിന്ന് താഴേക്കു പോയ സ്വർണവില ഈമാസം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ആറിന് 80 രൂപയും ഉയർന്നു. നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപ വർധിച്ച ശേഷം വെള്ളിയാഴ്ച താഴേക്കിറങ്ങിയ സ്വർണവില ശനിയാഴ്ച വീണ്ടും ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 2,918 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇന്നു 2,881 ഡോളറിലേക്ക് നിലംപൊത്തിയെങ്കിലും പിന്നീട് 2,896 ഡോളറിലേക്ക് കയറി.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.