വി.എസ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും
Tuesday, March 11, 2025 9:43 AM IST
തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് നല്കിയ അഭിമുഖത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ ശേഷമേ പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതില്‍ വിഎസ് ഉറപ്പായും ഉണ്ടാകുമെന്നും എം.വി.ഗോവിന്ദന് പ്രതികരിച്ചു.
വി.എസ് മാത്രമല്ല, പ്രായപരിധി മാനദണ്ഡം കാരണം പുറത്തുപോകുന്ന എല്ലാവരുടെയും സേവനം പാര്‍ട്ടിക്ക് വരും കാലങ്ങളിലും ലഭിക്കത്തക്ക വിധത്തിലാകും പാനല്‍ രൂപീകരിക്കുകയെന്നും ഗോവിന്ദന് പറഞ്ഞു. വി.എസിനെ ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി വി.എസിനെ സംസ്ഥാന കമ്മിറ്റി പാനലിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. പ്രായപരിധി മൂലം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കുന്നതാണു സിപിഎമ്മിന്റെ സമീപകാല ചരിത്രം.
കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു നേരത്തേ വി.എസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്.