വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായി ലത്തീഫിന്റെ വീട്ടിൽ തെളിവെടുപ്പ്
Tuesday, March 11, 2025 9:30 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ രണ്ട് കേസുകളുടെ തെളിവെടുപ്പ് ആരംഭിച്ചു. വെഞ്ഞാറമൂട് പുല്ലന്‍പാറ സ്വദേശിയും പ്രതി അഫാന്റെ പിതൃസഹോദരനുമായ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പാണ് ഇന്നു നടക്കുന്നത്.
രാവിലെ ലത്തീഫിന്റെ വീട്ടിൽ അഫാനുമായി പോലീസെത്തി തെളിവെടുത്തു. കുറ്റകൃത്യം ചെയ്ത രീതി അഫാൻ അന്വേഷണ ഉദ്യോഗസ്ഥരോടു വിവരിച്ചു. കിളിമാനൂർ എസ്എച്ച്ഒ. ബി. ജയന്റെ നേതൃത്വത്തിലാണ് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹമാണ് പ്രതിയെ നെടുമങ്ങാട് ജുഡിഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്.
അബ്ദുൾ ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്തിയ പുല്ലന്‍പാറയിലെ വീട്ടിലും കൊലയ്ക്ക് പ്രതി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട, ബാഗ് വാങ്ങിയ കട, സിഗരറ്റ് വാങ്ങിയ കട, എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.
അഫാന്റെ പിതാവ് അബ്ദുൾ റഹിം വിദേശത്ത് ജയിലിൽ ആയിരുന്നതിനാൽ നാട്ടിൽ അഫാന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ലത്തീഫായിരുന്നു. അഫാന്റെ ആഡംബര ജീവിതത്തെ ലത്തീഫ് നിയന്ത്രിച്ചിരുന്നു. ഇക്കാര്യം മാതാവ് ഷെമിയോടും പറഞ്ഞിരുന്നു. പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെ ലത്തീഫ് എതിർക്കുകയും അഫാനോട് ജോലിക്ക് പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ആദ്യ കാലയളവിൽ ലത്തീഫ് ഇവരുടെ കുടുംബത്തെ സാന്പത്തികമായി സഹായിച്ചു. പിന്നീട് സഹായിക്കാൻ കൂട്ടാക്കിയില്ല ഇക്കാരണങ്ങളാൽ അഫാന് ലത്തീഫിനോട് പകയുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
നേരത്തെ മുത്തശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പ് പാങ്ങോട് പോലീസ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.