കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങി; ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Tuesday, March 11, 2025 3:57 AM IST
ഹൈദരാബാദ്: കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുടുംബം പങ്കെടുത്ത ഒരു ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്.
മാതാപിതാക്കൾ ഉൾപ്പെടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിൽ കലാശിക്കുകയായിരുന്നു. തെലങ്കാനയിൽ ആദിലാബാദിലെ ഉത്കൂർ വില്ലേജ് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് കൊമ്മഗുഡ വില്ലേജിൽ നടന്ന ആഘോഷ ചടങ്ങിനെത്തിയത്. അൽപ സമയം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയ വേളയിലാണ് കുഞ്ഞ് അയാൻ കുപ്പിയുടെ മൂടി വിഴുങ്ങിയത്.
തുടർന്ന് മാതാപിതാക്കൾ വിവരം അറിഞ്ഞതോടെ കുഞ്ഞിനെയുമെടുത്ത് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തി. അപ്പോഴേക്കും അയാന്റെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങി.