വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ചുപേരുടെയും മരണം ഷെമിയെ അറിയിച്ചു
Monday, March 10, 2025 9:23 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഷെമിയെ മുറിയിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന് മാത്രമാണ് ഷെമിയോട് നേരത്തെ പറഞ്ഞിരുന്നത്. ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്നുമാണ് ഷെമിയോട് പറഞ്ഞിരുന്നത്.
ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. തുടർന്ന് മരണ വിവരം പിന്നീട് അറിയിച്ചാൽ മതിയെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്.
പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഫ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ ഇയാൾ നടത്തിയത്.
ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന് കരുതിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.