ഓപറേഷൻ ക്ലീൻ സ്ലേറ്റ്; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു
Monday, March 10, 2025 7:18 PM IST
തിരുവനന്തപുരം: എക്സൈസ് നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റിൽ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തെന്ന് മന്ത്രി എം.ബി. രാജേഷ്. വിവിധ കേസുകളിലായി 378 പേരെ പ്രതിചേർത്തു.
പ്രതികളിൽ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകൾ സംസ്ഥാനത്ത് എക്സൈസ് നടത്തി. മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തി.
21,389 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടിയെന്നും മന്ത്രി പറഞ്ഞു.