ലൗ ജിഹാദ്; മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടപ്പെട്ടത് നാനൂറോളം പെൺകുട്ടികളെ: പി.സി.ജോർജ്
Monday, March 10, 2025 6:23 PM IST
പാലാ: ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന് മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി.ജോർജ്. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ്.
ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി.ജോര്‍ജിന്റെ പരാമര്‍ശം.
മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള് ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണതെന്നും പി.സി.ജോർജ് പറഞ്ഞു.
ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മദ്യവും മയക്കുമരുന്നുമാണ്. എന്നാല്‍ അതുമാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഈരാറ്റുപേട്ട നടയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തില്‍ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചിരിക്കുകയാണ്.
ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ഈരാറ്റുപേട്ട പോലീസ് പി. സി. ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു.