ആശാ വർക്കർമാർ സമരം കടുപ്പിക്കുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധം
Monday, March 10, 2025 5:45 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു. സമരത്തോട് സർക്കാർ മുഖംതിരിച്ചുനിൽക്കുന്നതിനാൽ നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് കടക്കാൻ സമരസമിതി തീരുമാനിച്ചു.
സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി 17 ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചു.
കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദുവാണ് വക്കീൽ നോട്ടീസ് അയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് കുടയ്ക്കൊപ്പം ഉമ്മയും കൊടുത്തോയെന്ന പരാമർശം പിൻവലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ് ആവശ്യം.