യാതൊരു പ്രകോപനവുമില്ല; വഴിയരികിൽ നിന്നയാളെ ലഹരിക്ക് അടിമയായ യുവാവ് കിണറ്റിൽ തള്ളിയിട്ടു
Monday, March 10, 2025 3:48 PM IST
കോട്ടയം: ലഹരിക്കടിമയായ യുവാവ് വഴിയരികിൽ നിന്നയാളെ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് അതിക്രമം കാട്ടിയത്.
കല്ലേലിൽ കെ.ജെ.ജോൺസൺ എന്നയാളെയാണ് കിണറ്റിൽ തള്ളിയിട്ടത്. ഇയാളെ ഫയർഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ല. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ. ആ സമയത്താണ് ജിതിൻ എത്തുന്നത്. ഫോണിൽ സംസാരിക്കുകയായിരുന്ന ജോൺസണെ ജിതിൻ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് രക്ഷപ്പെട്ടു. പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുമായി ഇയാളെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.