കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Monday, March 10, 2025 12:34 PM IST
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം നേരിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കൊച്ചിൻ ദേവസ്വം കമ്മീഷണറോടും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറോടും കമ്മീഷൻ നിർദേശിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് മാറ്റിയിരുന്നു. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
കഴിഞ്ഞ ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ബാലുവിനെ മാറ്റുന്നതുവരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നിരുന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം.